ന്യൂഡല്‍ഹി: നാട്ടില്‍ പ്രിയതമ ശാന്തയുടെ ചിത എരിഞ്ഞുതീരും മുമ്പ് രാജ്യ തലസ്ഥാനത്ത് എത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി ബാലന് പൂതേരി. അര്‍ബുദരോഗബാധിതയായ ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ബാലന് നിറവേറ്റി കൊടുത്തത്.
പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങാന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പൂതേരിയെ തേടി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭാര്യയുടെ വിയോഗ വാര്‍ത്തയായിരുന്നു. വൈകുന്നേരമായിരുന്നു പുരസ്കാര വിതരണം. ചടങ്ങു കഴിഞ്ഞ് നാട്ടിലെത്തുംവരെ മൃതശരീരം സൂക്ഷിക്കാനാവുന്ന സാഹചര്യമായിരുന്നില്ല. ഇതോടെയാണ് മൂന്നുമണിക്കുതന്നെ സംസ്കാരം നടത്താന്‍ കുടുംബം തീരുമാനം എടുത്തത്.
ഭാര്യ കടവത്ത് ശാന്ത (59) അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ്, ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മരണപ്പെട്ടത്. പെരുവള്ളൂര്‍ വലക്കണ്ടി അങ്കണവാടി അധ്യാപികയാണ്. മലപ്പുറം വേങ്ങര ജവാന്‍സ് കോളനിയില്‍ കടവത്ത് അയ്യപ്പന്റെയും കരങ്ങാടന്‍ കുഞ്ഞമ്മയുടെയും മകളാണ്. മകന്: രാംലാല്‍.
ബാലന് പൂതേരിയുടെ വാക്കുകള്‍;
‘അവളുടെ വലിയ മോഹമായിരുന്നു ഈ പുരസ്കാരം ഏറ്റുവാങ്ങണമെന്നത്. അതിനാല്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു പകരം പുരസ്കാരം സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇത്രയും വലിയ പുരസ്കാരം സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല. അത് വാങ്ങാനുള്ള സൗഭാഗ്യം കിട്ടി. സന്തോഷത്തിനൊപ്പം എല്ലായ്പോഴും ദുഃഖവുംകൂടി തേടിയെത്താറുണ്ട്”
Discussion about this post