‘എന്നെ തല്ലിയതാണ് സാറേ, ഇനി അവനെ തല്ല്’: യുവമോര്‍ച്ചയുടെ കൊട്ടാരക്കര ഓട്ടം ആഘോഷിച്ച് സോഷ്യല്‍മീഡിയ

കൊട്ടാരക്കര: ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൊട്ടാരക്കരയിലെ മന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ ആഘോഷമാക്കി സോഷ്യല്‍മീഡിയ.

എടപ്പാള്‍ ഓട്ടത്തിന് ശേഷം, വീണ്ടും സമാനമായ സംഭവമെന്ന് വിശേഷിപ്പിച്ചാണ് സൈബര്‍ ലോകം സംഭവത്തെ ആഘോഷിക്കുന്നത്. ‘കൊട്ടാരക്കര ഓട്ടം’ എന്നാണ് സൈബര്‍ സിപിഎം യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന് ഇട്ടിരിക്കുന്ന പേര്.

ഇതിനിടെ പോലീസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളും വൈറലാണ്. ‘എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ തല്ല്’, ‘കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.’ എന്നും ചില പ്രവര്‍ത്തകര്‍ ദയനീയമായി പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം. ക്യാമ്പ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പോലീസിന് നേരെ തുടര്‍ച്ചയായി കല്ലേറ് നടന്നു. ഇതോടെയാണ് ബാരിക്കേഡ് മാറ്റി, പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയത്. പോലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ പല ഭാഗത്തേക്കായി ചിതറി ഓടുകയായിരുന്നു.

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Exit mobile version