തിരുവനന്തപുരം: ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷയ്ക്കായി നമ്മള് ഉപയോഗിക്കുന്നത് പാസ്വേര്‍ഡുകളാണ്. ഇത്തരം പാസ്വേര്ഡുകള് ഹാക്ക്ചെയ്യപ്പെട്ടാല് തീര്‍ന്നു കാര്യങ്ങള്‍. ഓര്‍ത്തിരിക്കാനായി 123456789 പോലുളള ചെറിയ പാസ്വേര്‍ഡുകളാണ് നമ്മള് ഉപയോഗിക്കുക. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നും, അത് എളുപ്പത്തില്‍ ഹാക്ക്ചെയ്യാന്‍ പറ്റുമെന്നും കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഉപകരണങ്ങളിലും ഓണ്‍ലൈന്‍ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്വേര്ഡ് ഉപയോഗിക്കുക. എളുപ്പം ഓര്‍ത്തെടുക്കുവാന്‍ സാധാരണ പാസ്വേര്ഡുകള് ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്കു മോഷണം എളുപ്പമാക്കും. പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സ്ട്രോങ്ങ് പാസ്വേര്ഡുകള് ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് കുറിച്ചു.
നിലവില്‍ സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്വേര്ഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്വേര്ഡുകള് കൂടുതല്‍ സുരക്ഷിതമാണ്. വെബ്സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള് വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണമെന്ന് കേരളാ പോലീസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പാസ്സ്വേര്‍ഡ്’ – വെറുംവാക്കല്ല, ശ്രദ്ധിക്കുക..
ഡിജിറ്റല്‍ യുഗത്തില്‍ എല്ലാ ഓണ്‍ലൈന്‍ ഇടപെടലുകളിലും പാസ്വേര്ഡുകള്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. വളരെ അപൂര്‍വമായി ആളുകള്‍ ഉപയോഗിക്കുന്നതും എളുപ്പത്തില്‍ എല്ലാവര്ക്കും ഓര്ത്തെടുക്കാനാവുന്നതുമായ വാക്കുകളോ ചിഹ്നങ്ങളോ ആണ് സാധാരണയായി പാസ്വേര്‍ഡുകളായി ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ശക്തവും രഹസ്യവുമായ
പാസ്വേര്ഡുകള് ആവശ്യമാണ്.
പലപ്പോഴും നമ്മള് പാസ്വേര്ഡ് തെരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ആഗോളതലത്തില്‍ ഓണ്‍ലൈന്‍ വഴി ചോര്‍ന്ന ദുര്‍ബലമായ പാസ്സ്വേര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയവയില്‍ 123456 ആണ് ഒന്നാം സ്ഥാനത്തുള്ളത്. 123456789, PASSWORD എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മോശം പാസ്സ്വേര്ഡുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന പുതുമുഖം 111111 ആണ്. ഉപകരണങ്ങളിലും ഓണ്‍ലൈന്‍ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്വേര്‍ഡുകള്‍ ഉപയോഗിക്കുക. എളുപ്പം ഓര്‍ത്തെടുക്കുവാന്‍ സാധാരണ പാസ്സ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്കു മോഷണം എളുപ്പമാക്കും. പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സ്ട്രോങ്ങ് പാസ്വേര്ഡുകള് ഒരുക്കേണ്ടത് അത്യാവശ്യമാണ്.
പാസ്വേര്ഡ് ഓര്‍മിച്ചിരിക്കുക എന്നുള്ളത് ഏവരും നേരിടുന്ന പ്രശ്നമാണ്. കൃത്യമായി പാസ്സ്വേര്‍ഡ് ഓര്മിച്ചെടുക്കാന് പറ്റില്ല. അവസാനം ഫോര്‍ഗോട്ട് പാസ്വേര്ഡും OTP യുമെല്ലാം അഭയം തേടേണ്ടി വരും.
സുരക്ഷിതമായ പാസ്വേര്ഡുകള് ഉണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നിലവില്‍ സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്വേര്ഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്വേര്ഡുകള് കൂടുതല്‍ സുരക്ഷിതമാണ്. വെബ്സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള് വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.
പാസ്വേര്ഡ് ഉണ്ടാക്കുമ്പോള്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്വേര്‍ഡ്കള്‍ നിര്‍മ്മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം. ഒരു ഓര്‍ഡറില്‍ കൊടുക്കാതിരിക്കുന്നത് നല്ലത്. (abcde, 12345 എന്നിങ്ങനെ നല്‍കരുത്)
പാസ്വേര്ഡില് അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലൊരു ഓപ്ഷന് ആണ്. ഉദാഹരണത്തിന് ‘S’ എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ ($) അടയാളം നല്‍കാം.
ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പര്‍ തുടങ്ങിയവ ഒരിക്കലും പാസ്വേര്‍ഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്വേര്‍ഡായി ഉപയോഗിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്വേര്ഡുകള് നല്‍കരുത്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്ക്കെല്ലാം വേറെ വേറെ പാസ്വേഡ് നല്‍കുന്നതാണ് നല്ലത്.
ഫോണ്‍ വഴിയുള്ള ലോഗിന്‍ സമ്മതിക്കല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്വേര്ഡ് സംവിധാനം അനുവദിക്കുന്നുണ്ട്. ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും ഇവ. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്വേഡ് സുരക്ഷ കൂട്ടും. കഴിവതും ‘two factor authentication’ പോലുള്ള സംവിധാനം ഉപയോഗിക്കുക.’
Discussion about this post