കോട്ടയം: എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക ദീപ പി മോഹന്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചെന്ന് ഗവേഷക പറഞ്ഞു.
ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉറപ്പുനല്‍കിയെന്നും അറിയിച്ചു. നാനോ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ നീക്കി. ഗവേഷകയുമായി വൈസ് ചാന്‍സലര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നാനോ സയന്‍സ് മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഫിസിക്‌സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ദീപയുടെ ഗവേഷണത്തിന് മുമ്പ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന്‍ രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്‍കും. 2024 നകം ഗവേഷണം പൂര്‍ത്തിയാക്കിയാല്‍ മതി.
ഗവേഷണ കാലയളവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍വ്വകലാശാല ഉറപ്പുനല്‍കിയതായും വിദ്യാര്‍ത്ഥി അറിയിച്ചു. വിസിയുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതായി ദീപ അറിയിച്ചു.