പാലക്കാട്: ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്കൂള്‍ വിദ്യാര്‍ഥികളായ ഇരട്ടസഹോദരിമാര്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയം നിഷേധിച്ചതാനാലെന്ന് റിപ്പോര്‍ട്ട്.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്നും വിദ്യാര്‍ഥികള്‍ റെയില്‍വേ പോലീസിനോട് പറഞ്ഞു.
നവംബര്‍ മൂന്നാം തീയതി ആലത്തൂരില്‍ നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിയിലേക്കാണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.
ഇന്ന് ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ പോലീസ് കണ്ടെത്തുമ്പോള്‍ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ചെയ്നും ഇവരുടെ പക്കലുണ്ടായിരുന്നു.
മാത്രമല്ല, ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നു. നാല് പേരും ഗെയിമില്‍ ഒരു സ്ക്വാഡ് ആയിരുന്നു. ഫ്രീ ഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.
നേരത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുട്ടികള്‍ ഗോവിന്ദപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.
Discussion about this post