കൂത്തുപറമ്പ്: മുതിര്‍ന്നവരെ വരെ വട്ടം കറക്കുന്നതാണ് പീരിയോഡിക് ടേബിള്‍. എന്നാല്‍ മൂന്നുവയസ്സുകാരി തന്‍ഹി പറയും, ഇതൊക്കെ എത്ര സിമ്പിളെന്ന്. പീരിയോഡിക് ടേബിള്‍ മന:പാഠമാക്കി ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പാട്യത്തെ മൂന്നുവയസ്സുകാരി തന്‍ഹി മല്‍ഹാര്‍.
ഏറ്റവും വേഗതയില്‍ പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും നോക്കാതെ പറയുന്ന പ്രായം കുറഞ്ഞ കുട്ടി എന്ന ലോക റെക്കോര്‍ഡാണ് തന്‍ഹി കീഴടക്കിയത്. ഇതേ വിഭാഗത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും നിലവില്‍ തന്‍ഹിയുടെ പേരിലാണ്.
YOUNGEST GIRL TO RECITE PERIODIC TABLE https://t.co/KWyyxzDuTY via @YouTube
— International Book of Records (@ibrecord) November 8, 2021
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലെ വിദഗ്ധ സമിതിയുടെ മുന്‍പില്‍ ചെന്നൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ഒരു മിനുട്ട് ഒമ്പത് സെക്കന്റിനുള്ളില്‍ എല്ലാ മൂലകങ്ങളും വേഗതയോടെ കൃത്യമായി പറഞ്ഞാണ് ലോക റെക്കോര്‍ഡിലേക്ക് തന്‍ഹി നടന്നു കയറിയത്.
കൂത്തുപറമ്പ് പാട്യം സ്വദേശികളായ സുഗിലിന്റെയും ജിഷയുടെയും മകളാണ് തന്‍ഹി. തലശ്ശേരി ജം കിഡ്‌സ് ഇന്റര്‍നാഷണല്‍ പ്രീ സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിനിയാണ്.