തെന്മല: തെന്മല ഡാമിനു സമീപം കുളിക്കാനിറങ്ങിയ യുവാവും സഹോദരീ ഭര്‍ത്താവും മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കല്‍ പുത്തന്‍ വീട്ടില്‍ അന്‍സില്‍ (26), കരുനാഗപ്പള്ളി പുന്നക്കാല കിഴക്കത്തു പുത്തന്‍വീട്ടില്‍ അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 8.30ന് തെന്മല പരപ്പാര്‍ അണക്കെട്ടിന് തൊട്ടുതാഴെയുള്ള കുളിക്കടവിലായിരുന്നു അപകടം നടന്നത്.
അല്‍ത്താഫിന്റെ സഹോദരീ ഭര്‍ത്താവാണ് അന്‍സില്‍. രണ്ടാഴ്ച മുന്‍പായിരുന്നു വിവാഹം നടന്നത്. രണ്ടു കാറുകളിലായി തമിഴ്നാട്ടിലെ രാമേശ്വരം, ഏര്‍വാടി പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം തെന്മല വഴി കരുനാഗപ്പള്ളിക്ക് പോകാന്‍ എത്തിയതായിരുന്നു. രാവിലെ തെന്മലയില് എത്തിയ ഇവര്‍ കല്ലടയാറ്റിലെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
പരപ്പാര്‍ അണക്കെട്ടിന്റെ 3 ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. കുളിക്കടവില്‍നിന്നും കല്ലടയാറ്റിലേക്ക് ഇറങ്ങിയ ഉടനെ രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ആറിന്റെ മറുകരയില്‍ നിന്നിരുന്നവര്‍ എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post