ഭിന്നശേഷിക്കാർക്കും എയ്ഡഡ് സ്‌കൂളിൽ സംവരണം; ആദ്യനിയമനം ഏയ്ജല പ്രകാശിന് വടകരയിലെ സ്‌കൂളിൽ

മയ്യിൽ: ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംവരണം എയ്ഡഡ് സ്‌കൂളുകളിലും നടപ്പിലാക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വടകരയിൽ സംസ്ഥാനത്തെ തന്നെ ആദ്യനിയമനം.

കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് മയ്യിൽ ആറാം മൈലിലെ ശ്രവണ പരിമിതയായ എയ്ജല പ്രകാശ് വടകര വിദ്യാഭ്യാസ ജില്ലയിലെ പുറമേരിയിലെ കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി നിയമിതയായത്. നവംബർ മൂന്നിനാണ് എയ്ജല ജോലിയിൽ പ്രവേശിച്ചത്.

എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാർക്ക് നിയമനം നൽകുന്നതിനെതിരേ എൻഎസ്എസ്, കാത്തലിക് സ്‌കൂൾ മാനേജ്മെന്റ് കൺസോർഷ്യം തുടങ്ങിയ സംഘടനകൾ സുപ്രീംകോടതിയിയെ സമീപിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ സർക്കാർ നയങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

1996 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് സർക്കാരിന്റെ ഉത്തരവിലുള്ളത്. 1996 മുതൽ 2017 വരെ മൂന്ന് ശതമാനവും 2017 മുതൽ നാല് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം. കേസിൽ ശ്രവണ പരിമിതരുടെ സംസ്ഥാന സംഘടനയായ ഓൾകേരള പാരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് (അപ്കാഹി) എന്ന സംഘടനയുടെ വാദവും കോടതി അംഗീകരിച്ചിരുന്നു.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒഴിവുകൾ വിവരാവകാശ നിയമപ്രകാരം സംഘടന മനസ്സിലാക്കിയതാണ് എയ്ജലയുടെ നിയമനത്തിന് വഴിതെളിച്ചത്. എയ്ജലയുടെ ഭർത്താവ് എ സജീവൻ കണ്ണൂരിൽ പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനാണ്. മകൾ ആരാധ്യ സജീവൻ വിദ്യാർത്ഥിനി.

Exit mobile version