വയനാട്: ഇന്ധന വിലയിലെ കുറവ് കാണിച്ച് കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ ആകര്‍ഷിച്ച് കര്‍ണാടകയിലെ പെട്രോള്‍ പമ്പുടമകള്‍. വിലക്കുറവും ഓഫറും സൂചിപ്പിച്ച് മലയാളത്തില്‍ അച്ചടിച്ച നോട്ടീസുകള്‍ വാഹനയാത്രികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിലേക്കാള്‍ ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറവുള്ളതായി കാണിച്ചാണ് നോട്ടീസ്. പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലമടക്കം വ്യക്തമാക്കിയാണ് നോട്ടീസ്. സാമൂഹികമാധ്യമങ്ങള്‍ വഴിയും ഇവ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
കേരളത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ ചരക്ക് വാഹനങ്ങള്‍ പ്രത്യേകിച്ചും കര്‍ണാടകത്തില്‍ നിന്നാണ് ഇന്ധനം നിറക്കുന്നത്.
കേരളത്തിനെ അപേക്ഷിച്ച് ശനിയാഴ്ച ഡീസലിന് ഏഴുരൂപയുടെയും പെട്രോളിന് അഞ്ചുരൂപയുടെയും കുറവായിരുന്നു.
കാട്ടിക്കുളത്തും തോല്‍പ്പെട്ടിയിലും പെട്രോള്‍പമ്പുണ്ട്. എന്നാല്‍ തോല്‍പ്പെട്ടിയിലെയും കര്‍ണാടക കുട്ടയിലെയും പമ്പുകള്‍ തമ്മില്‍ മൂന്നുകിലോമീറ്റര്‍ ദൂര വ്യത്യാസം മാത്രമാണുള്ളത്. വില കുറഞ്ഞതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ മലയാളികള്‍ ഇന്ധനം നിറയ്ക്കാനായി കുട്ടയിലെ പമ്പിലേക്കാണ് എത്തുന്നത്.
വയനാട്ടില്‍ നിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും കര്‍ണാടകയില്‍ നിന്ന് ഫുള്‍ടാങ്ക് ഇന്ധനം നിറച്ചാണ് തിരിച്ചെത്തുന്നത്. ബത്തേരി മൂലങ്കാവില്‍നിന്ന് 52 കിലോമീറ്റര്‍ ദൂരമാണ് ഗുണ്ടല്‍പേട്ടയിലെ പെട്രോള്‍പമ്പിലേക്ക്.
ഇത്രയും ദൂരം പിന്നിടാനുള്ള ഇന്ധനം മാത്രം കേരള പമ്പുകളില്‍ നിന്ന് വാങ്ങി ബാക്കി കര്‍ണാടകത്തിലെത്തി നിറക്കുന്ന വാഹനങ്ങളും കുറവല്ല. ചരക്കുവാഹനങ്ങള്‍ വലിയ തുകക്ക് ഡീസലടിക്കുമ്പോള്‍ ഒരു രൂപയുടെ കുറവുണ്ടായാല്‍ പോലും അത് ആശ്വാസകരമായിരിക്കും.