നാദാപുരം: മൊബൈൽ ഫോണിന്റെ അമിതോപയോഗം കാരണം ചോദ്യംചെയ്യുകയും ഫോൺ വാങ്ങിവെയ്ക്കുകയും ചെയ്തതോടെ ക്ഷുഭിതയായ മകൾ വീടുവിട്ടിറങ്ങി. കോഴിക്കോട് ചേലക്കാട് സ്വദേശിനിയായ വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരമുതൽ കാണാതായത്. പിന്നീട് ഏറെനേരത്തെ ആശങ്കയ്ക്കൊടുവിൽ കുട്ടിയെ അർധരാത്രി റോഡരികിൽ കണ്ടെത്തി.
വഴക്കുപറഞ്ഞതോടെ പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി അയൽവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ, സന്ധ്യമയങ്ങിയിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെയാണ് കുട്ടിക്കായി അന്വേഷണം തുടങ്ങിയത്. ബന്ധുവീട്ടിലും പരിസരത്തും ഇല്ലെന്നറിഞ്ഞതോടെ വീട്ടുകാർ നാദാപുരം പോലീസിൽ പരാതി നൽകി.
വിദ്യാർത്ഥിനിക്കായി ബന്ധുക്കളും പോലീസും വ്യാപകതെരച്ചിൽനടത്തിവരികെയാണ് അർധരാത്രിയോടെ കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ മൊകേരിയിൽ കുട്ടിയുണ്ടെന്ന വിവരം ഒരാൾ വിളിച്ചുപറയുന്നത്. റോഡിലൂടെ കറുത്ത പർദയും ഹിജാബും ധരിച്ച് തനിയെ നടന്നുപോകുന്ന പെൺകുട്ടിയെക്കണ്ട ഒരു വാഹനത്തിന്റെ ഡ്രൈവർ കുട്ടിയോട് കാര്യം തിരക്കുകയായിരുന്നു.
കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ടു. ഉടൻ പോലീസും സ്ഥലത്തെത്തി. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് മാതാവ് കുട്ടിയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിവെച്ചത്. ഇതോടെയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്.
Discussion about this post