തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്ക് സർക്കാർ അറിയാതെ അനുമതി നൽകിയത് ഗുരുതര വീഴ്ച്ചയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരംമുറിക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അത് സർക്കാരിനെ ബോധിപ്പിക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെയോ, ഇറിഗേഷൻ വകുപ്പോ, വനം വകുപ്പോ ഇത് അറിഞ്ഞിട്ടില്ല. അത് ഗുരുതര വീഴ്ച്ചയാണ്.
മുല്ലപെരിയാറും ബേബി ഡാമും രാഷ്ട്രീയ ചർച്ച നടക്കുന്ന വിഷയങ്ങളായതിനാൽ തന്നെ അത്തരമൊരു വിഷയത്തിൽ തീരുമാനം എടുക്കുമ്പോൾ അത് ഉദ്യോഗസ്ഥ തലത്തിൽ മാത്രം ആലോചിച്ചാൽ മതിയാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്നതിന്റെ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സാധാരണ രീതിയിലുള്ള ഒരു മരം മുറിയാണെങ്കിൽ ഉദ്യോഗസ്ഥ തലത്തിൽ അനുമതി നൽകാം. എന്നാൽ മുല്ലപ്പെരിയാറോ ബേബി ഡാമോ അങ്ങനെയല്ല. തമിഴ്നാടുമായി നല്ല ബന്ധമാണ്. അത് നിലനിർത്തണം. കൂടുതൽ കാര്യങ്ങൾ സാഹചര്യം മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും എകെ ശശീന്ദ്രൻ കൂട്ടിചേർത്തു.
ശനിയാഴ്ച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിന് നന്ദി അറിയിച്ചുകൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നൽകിയെന്ന വിവരം പുറത്ത് വന്നത്. മുല്ലപ്പെരിയാർ റിസർവോയറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിലാണ് സ്റ്റാലിൻ കേരള സർക്കാരിന് നന്ദി അറിയിച്ചത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയത്. എന്നാൽ ഇത് വനം വകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല.
Discussion about this post