കോട്ടയം: ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കും വരെ നിരാഹാരസമരം തുടരുമെന്ന് എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷക ദീപ പി മോഹന്‍. മന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ട്. എന്നാല്‍ ഉറപ്പല്ല വേണ്ടതെന്നും നടപടിയെടുക്കണമെന്നും ദീപ പറഞ്ഞു. സമരത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിന്റെ ഇടപെടലിന് പിന്നാലെയാണ് പ്രതികരണം.
എന്നാല്‍ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കുന്ന ദീപ പി മോഹന്‍ സ്റ്റാട്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും സാബു തോമസും പലതും ചെയ്തിട്ടുണ്ടെന്നും കുറ്റപ്പെടുത്തി. ഇത്തരം ഇടപെടലുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാന്‍ വിസി സാബു തോമസ് തയ്യാറാകാത്തത്. ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും മന്ത്രിക്ക് തന്നെ ഇത് കൈമാറാന്‍ തയ്യാറാണെന്നും ഗവേഷക ആരോപിച്ചു.
എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനന് ഉന്നയിച്ച ആക്ഷേപങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമെന്ന് വ്യക്തമാക്കിയായിരുന്നു വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്.
ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post