കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ ഇളംകാട് മ്ലാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കനത്തമഴയെ തുടര്‍ന്ന് മൂപ്പന്‍മല, മ്ലാക്കര മേഖലകളിലാണ് ഉരുള്‍പൊട്ടിയത്. ഇതോടെ പുല്ലകയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം.
പുല്ലകയാറിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മലവെള്ളപ്പാച്ചിലില്‍ മണിമലയാറ്റിലും വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലും നാട്ടുകാര്‍ ജാഗ്രതരായിരിക്കുകയാണ്.
ഏന്തയാര്‍, ഇളംകാട് മേഖലയില്‍ ശക്തമായ മഴ പെയ്യുകയാണ്. ഉരുള്‍പൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജലനിരപ്പുയര്‍ന്നു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ്,-പോലീസ്- ജനപ്രതിനിധി സംഘങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണയും കോട്ടയം കുട്ടിക്കല്‍ പഞ്ചായത്തിലായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇത്തവണ ആള്‍പ്പാര്‍ക്കുള്ള സ്ഥലത്തല്ല ഉരുള്‍പ്പൊട്ടലുണ്ടായതെങ്കിലും പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.