കൊച്ചി: ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസ് ചെയ്യുന്നത് മോഹന്‍ലാലിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റേയും അനുവാദത്തോടെയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമയാണിതെന്നും തീയേറ്ററില്‍ തന്നെ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നിവയും ഒടിടി റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കോടി രൂപക്ക് മുകളില്‍ തിയറ്ററുകളില്‍ നിന്ന് ഇനിയും പിരിച്ചുകിട്ടാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മരക്കാര്‍ ഒടിടി റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനക്കെതിരെ ആന്റണി തുറന്നടിച്ചു.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജും നായക വേഷത്തിലുണ്ട്. ”ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയറ്ററുകാര്‍ തയ്യാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്.
20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ കിട്ടേണ്ട. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പമാണ്. ജീവിതപ്രശ്നമാണ്-ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ദിവസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ ഇന്ന് വ്യക്തമാക്കിയത്. റിലീസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം വിളിച്ചിരുന്നുവെങ്കിലും യോഗം ചേര്‍ന്നിരുന്നില്ല.