ചിറയിന്‍കീഴ്: തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഇതരമതസ്ഥയായ യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന് ദുരഭിമാന മര്‍ദനത്തിനിരയായ മിഥുന് കൃഷ്ണന്റെ മൊഴി പുറത്ത്. തന്നെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയായ ഭാര്യ സഹോദരന് ഡോക്ടര്‍ ഡാനിഷ് ജോര്‍ജിനും അരയതുരുത്തി ഓള് സെയ്ന്‍സ് പള്ളി വികാരി ജോസഫ് പ്രസാദിനും എതിരെയാണ് മൊഴി നല്‍കിയിരിക്കുന്നത്.
പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞാണ് ഭാര്യാസഹോദരനായ ഡോ.ഡാനിഷും ബന്ധുക്കളും വീട്ടിലെത്തിയത്. തുടര്‍ന്ന് തന്നെയും ഭാര്യ ദീപ്തിയെയും അരയതുരുത്ത് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് മിഥുന് പറയുന്നു.
‘പള്ളി വികാരി പറഞ്ഞതനുസരിച്ചാണ് അവിടേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയതെന്നാണ് അവര്‍ പറഞ്ഞത്. വിവാഹം നടത്താമെന്നും മതം മാറേണ്ടെന്നും കാറില്‍ വെച്ചു പറഞ്ഞു. എന്നാല്‍ പള്ളിയിലെത്തിയതോടെ പട്ടികജാതി വിഭാഗത്തിലുള്ള മിഥുന് മതംമാറണമെന്ന് വികാരിയുള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അത് നിരസിച്ചതോടെ പണം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജനിക്കുന്ന കുഞ്ഞിനെ ക്രിസ്തു മതത്തില്‍ ചേര്‍ക്കണമെന്നും ഡാനിഷിന് പുറമേ പള്ളി വികാരിയും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ മനസ് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മകളെ അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി. പാതി വഴിയില്‍ കാര്‍ നിര്‍ത്തി പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു’- മിഥുന് പറയുന്നു.
തെരുവില്‍വെച്ച് ഏല്‍ക്കേണ്ടി വന്നത് കൊടിയ മര്‍ദ്ദനമാണ്. ബോധം നഷ്ടപ്പെട്ട ശേഷവും റോഡിലിട്ട് തലങ്ങും വിലങ്ങും മര്‍ദ്ദിച്ചതായാണ് പരാതി. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മിഥുന്റെ തലച്ചോറില്‍ രക്തസ്രാവവും നട്ടെല്ലിന് പരിക്കുമുണ്ട്.
Discussion about this post