കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യും. തിയറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു. ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചര്‍ച്ചയും മാറ്റിയിരുന്നു.
അതേസമയം 100 കോടി മുടക്കുമുതലുള്ള സിനിമ ആയതിനാല്‍ 40 കോടി രൂപ തിയേറ്റര്‍ അഡ്വാന്‍സായി ലഭിച്ചാല്‍ മാത്രമേ മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാകൂ എന്നാണ് ആന്റണി പെരുമ്പാവൂര്‍ ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിരുന്നത്.
എന്നാല്‍ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്റെ മറുപടി. ഒടുവില്‍ ചേംബര്‍ ഇടപെടലില്‍ നിര്‍മ്മാതാവ് മുന്‍കൂര്‍ തുക 25 കോടിയാക്കി. പരമാവധി സ്ക്രീനുകള്‍ എന്ന നിര്‍മ്മാതാവിന്റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു.
റിലീസ് സമയം 500 കേന്ദ്രങ്ങളില്‍ മൂന്നാഴ്ച മരക്കാര്‍ മാത്രം പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്. 2019ല്‍ തിയേറ്ററുടമകള്‍ നല്കിയ ആറ് കോടി രൂപ അഡ്വാന്‍സ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തിരികെ നല്‍കിയിരുന്നു.
Discussion about this post