കോഴിക്കോട്: പിരിച്ചുവിട്ട മുന്‍ ഹരിത നേതാക്കള്‍ നല്കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കോഴിക്കോട് വെള്ളയില്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജെഎഫ്സിഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളാണ് കേസിലുള്ളതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
നവാസിനൊപ്പം അബ്ദുല്‍ വഹാബിനെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് അബ്ദുല്‍ വഹാബ്.
അതേസമയം, കുറ്റാരോപിതനായ പികെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു വിഷയത്തില്‍ ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
മുന്‍ ഹരിത നേതാക്കള്‍ നേരത്തെ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചത്.
അപമാനിച്ചെന്ന പേരില്‍ എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ നല്കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് അവരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
Discussion about this post