തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചെങ്കിലും കേരളം വില്‍പ്പന നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ പെട്രോളിന് 30 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. ഭരണഘടനാ പ്രകാരം ചില അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. അതാണ് അവര്‍ ഉപയോഗിച്ചത്. ഇതില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാനത്തിന് കിട്ടുന്നില്ല. ഇതിലാണ് കേന്ദ്രം കുറവ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു.
ഏകദേശം 30 രൂപയില്‍ അധികം കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്രം വര്‍ധിപ്പിച്ചത്. സാധാരണ നികുതി നിയമം അനുസരിച്ച് അല്ല വര്‍ധിപ്പിച്ചത്. 32 രൂപ വരെ സ്പെഷ്യല്‍ ആയിട്ടുള്ള എക്സൈസ് നികുതി അവര്‍ വാങ്ങി അതില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്ക് തന്നിട്ടില്ല. എന്നിട്ട് അതില്‍ നിന്ന് ഇപ്പോള്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചു.
നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ പോക്കറ്റടിക്കാരന്റെ ന്യായം പോലെ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പൈസ പിടിച്ചെടുത്തിട്ട് വണ്ടിക്കൂലി ഇല്ലേ ഇതിരിക്കട്ടെ എന്ന് പറഞ്ഞ് തരുന്നതുപോലെയാണ് ഇത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ കുറയ്ക്കണം എന്നുപറഞ്ഞാല്‍ അത് സാധിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്.
Discussion about this post