തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിനെതിരെ പമ്പയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പോലീസുകാര്‍ പിന്തിരിഞ്ഞ് ഓടിയതില്‍ വിശദീകരണം ചോദിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ഇരച്ചുവന്ന പ്രതിഷേധക്കാരില്‍ നിന്നും രക്ഷനേടാന്‍ മനിതി സംഘവും പോലീസുകാരും ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ രൂപത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണം തേടുമെന്ന് പോലീസ് മേധാവി അറിയിച്ചത്.
തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും കനത്ത സുരക്ഷയിലാണ് യുവതികള്‍ അടങ്ങുന്ന മനിതി സംഘം പമ്പയിലെത്തിയത്. അപ്പോഴേക്കും പമ്പയില്‍ വന്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു. തുടര്‍ന്നു സംഘര്‍ഷത്തിന് ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് മലകയറാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കു നേരെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ മനിതി സംഘവും പോലീസും തിരിച്ചോടുകയായിരുന്നു.
പമ്പയില്‍ ആറുമണിക്കൂര്‍ കാത്തിരുന്ന ശേഷം ശബരിമല ദര്‍ശനം നടത്താതെ മനിതി സംഘം നാട്ടിലേക്ക് മടങ്ങി. സുരക്ഷാ പ്രശ്നമുണ്ടെന്ന പോലീസ് നിലപാട് അംഗീകരിച്ചു കൊണ്ടാണ് മടങ്ങുന്നതെന്ന് മനിതി സംഘം അറിയിച്ചു.