തിരുവനന്തപുരം: ഇന്ധനവിലർധനവിനെതിരെ കോൺഗ്രസ് നടത്തിയ രാജ്യവ്യാപക ചെറു സമരങ്ങൾ ഫലം കണ്ടതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസമാണ്. കോൺഗ്രസിന്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമെന്നും സുധാകരൻ പ്രതികരിച്ചു. പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സുധാകരന്റെ വാക്കുകൾ.
ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് തെരുവിലിറങ്ങുമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചിയിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
അതേസമയം, ട്രോളന്മാരും വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ജോജുവിന് അഭിവാദ്യം അർപ്പിച്ചാണ് ട്രോളുകൾ. ജോജുവാണ് പെട്രോൾ വില കുറച്ചതെന്ന രീതിയിൽ കോൺഗ്രസ് ജോജുവിന് എതിരെ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയ ട്രോളുകയാണ്.
(troll courtesy-ICU)
Discussion about this post