‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല’ പരസ്യ വാചകം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ് മഞ്ജുഷയുടെ ജീവിതത്തില്‍. ഇരുപത്തിയെട്ടില്‍ അകാലവാര്‍ധക്യവും 45 വയസ്സില്‍ യൗവ്വനവും കടന്നെത്തിയ കഥ പറഞ്ഞ് സോഷ്യല്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മഞ്ജുഷ.
ഇരുപത്തിയെട്ടാം വയസിനും 45നും ഇടയ്ക്ക് അവര്‍ പങ്കുവച്ച രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഇരുപതുകളുടെ അവസാനം താണ്ടി മധ്യവയസെന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന 45ല്‍ യൗവനയുക്തയായി മാറിയ ആ മാജികാണ് മഞ്ജുഷ പങ്കുവച്ചത്.
ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെ ഒരു മാറ്റത്തിന് പ്രാപ്തയാക്കിയത്. ആ മാറ്റം വലിയ അദ്ഭുതമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ആ മാറ്റത്തിലേക്കുള്ള എന്റെ യാത്ര എന്നെ സംബന്ധിച്ചടത്തോളം വളരെ വലുതാണെന്നും മഞ്ജുഷ പറയുന്നു. വനിതയോട് പങ്കുവച്ചതിങ്ങനെ:
പത്തനംതിട്ട പൂങ്കാവാണ് എന്റെ സ്വദേശം. സാധാരണ കുടുംബം.
1993ല്‍ എന്റെ 17ാം വയസില്‍ പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹിതയാകേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. ഉത്തരവാദിത്ത ബോധമില്ലാത്ത നല്ലപാതി ജീവിതത്തില്‍ കണ്ണീര് പടര്‍ത്തി. മൂന്ന് കുഞ്ഞുങ്ങളെയാണ് ദൈവം എനിക്ക് സമ്മാനിച്ചത്. ഒടുവില്‍ ജീവിതം രണ്ടു വഴിക്കു പിരിയുമ്പോഴും അവര്‍ മാത്രമായിരുന്നു എനിക്ക് കൂട്ടിനുണ്ടായിരുന്നത്. അങ്ങനെ ജീവിതത്തിന്റെ നല്ല പ്രായത്തില്‍, 28ാം വയസില്‍ ഞാന്‍ ഒറ്റയ്ക്കായി……
പക്ഷേ തോറ്റു കൊടുത്തില്ല. എനിക്കു ജീവിക്കണം, എന്റെ മക്കളെ വളര്‍ത്തണമെന്ന വാശി ഉള്ളിലുണ്ടായി. കയ്യിലുള്ളത് സ്വരുക്കൂട്ടി ബ്യൂട്ടീഷ്യന് കോഴ്സ് പഠിച്ചു. കോഴ്സ് സര്‍ട്ടിഫിക്കറ്റും അതിനേക്കാളും വലിയ ജീവിത പാഠങ്ങളുമായി മസ്കത്തിലേക്ക് വണ്ടികയറി. 9 വര്‍ഷമാണ് അവിടെ ജോലി ചെയ്തത്. ആ ജീവിതം പലതും പഠിപ്പിച്ചു. പുതിയ പ്രതീക്ഷകള്‍ ജീവിതത്തിനുണ്ടായി.
മക്കളെ നല്ല രീതിയില്‍ വളര്‍ത്താനായി. മകളെ നല്ല അന്തസായി വിവാഹം കഴിപ്പിച്ചയച്ചു. വര്‍ഷങ്ങളുടെ പ്രവാസത്തിനു ശേഷം ഞാനിപ്പോള്‍ നാട്ടില്‍ സെറ്റിലാണ്. ഒരു അഡ്വര്‍ട്ടൈസ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. പിന്നെ ഷോര്‍ട്ട് ഫിലിമുകളുടെ ഭാഗമാകുന്നുമുണ്ട്…
Discussion about this post