കണ്ണൂർ: കണ്ണൂർ സിറ്റിയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പനി ബാധിച്ച 11കാരിയെ ചികിത്സിക്കാതെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ അറസ്റ്റ്. കുട്ടിയെ ചികിത്സിച്ച മന്ത്രവാദിയും കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനേയും കുട്ടിയുടെ പിതാവ് സത്താറിനേയുമാണ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് ചാർജ് ചെയ്ത് അറസ്റ്റ് ചെയ്തത്.
അതേസമയം, മുമ്പ് ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മന്ത്രവാദത്തെ തുടർന്ന് മരിച്ചത്. ചികിത്സയുടെ മറവിൽ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം.
സിറ്റി ആസാദ് റോഡിലെ പടിക്കൽ സഫിയ ആണ് ഇത്തരത്തിൽ ചികിത്സ ലഭിക്കാതെ മന്ത്രവാദത്തിന്റെ ആദ്യ ഇരയായത്. രക്ത സമ്മർദ്ദം അടക്കമുളള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്. സഫിയയുടെ മകൻ അഷ്റഫ്, സഹോദരി നഫീസു എന്നിവരുടെ മരണ കാരണവും മന്ത്രവാദത്തെ തുടർന്നായിരുന്നുവെന്ന് സഫിയയുടെ മകൻ ആരോപിച്ചിരുന്നു.
കുറുവ സ്വദേശിയായ ഇഞ്ചിക്കൽ അൻവറിന്റെ മരണവും മന്ത്രവാദത്തെ തുടർന്നായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച നാലുവയൽ സ്വദേശിനിയായ 11കാരി ഫാത്തിമയാണ് ഇത്തരത്തിൽ മന്ത്രവാദത്തിന്റെ അവസാനത്തെ ഇരയായത്.
Discussion about this post