കൊച്ചി: ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് കുഞ്ഞിനെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് അനുപമ ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്.
ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് രാവിലെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളേണ്ടി വരുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ഇതേ തുടര്‍ന്നാണ് അനുപമയുടെ അഭിഭാഷകന് കുഞ്ഞിനെ തേടിയുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ വ്യവഹാരം അവസാനിച്ചു.
2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും അനുപമ സമര്‍പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍, പേരൂര്‍ക്കട സി.ഐ. എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതാണെന്ന് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട അനുപമ കുടുംബകോടതിയില്‍ പിന്നീട് ഈ വാദം ഉന്നയിച്ചിരുന്നില്ല. കുഞ്ഞിനെ മാതാപിതാക്കളെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നതായാണ് അനുപമ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
Discussion about this post