കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതികളുടെ കൂട്ടായ്മ മനിതിക്ക് ശബരിമലയില്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം ദര്‍ശനം നടത്താനാവാത്ത സംഭവത്തില്‍ പ്രതികരണവുമായി അഡ്വ. ജയശങ്കര്‍. നിലയ്ക്കലിലെ തോമാശ്ലീഹ കുരിശ് കണ്ടെത്തിയ 1983ല്‍ പള്ളി പണിയാനായി ക്രിസ്തുമത വിശ്വാസികളും എതിര്‍പ്പുമായി എതിര്‍വിഭാഗവും രംഗത്തെത്തിയ സാഹചര്യത്തെ നയത്തില്‍ കൈകാര്യം ചെയ്ത അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ പുകഴ്ത്തിയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഡിസംബര്‍ 23
കെ കരുണാകരന്റെ ചരമവാര്‍ഷികം.
1983ല്‍ കരുണാകരന്‍ കേരള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നിലക്കലില്‍ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും കാഞ്ഞിരപ്പള്ളി മെത്രാന്‍ പള്ളി പണിയാന്‍ ഒരുങ്ങിയതും. RSSകാര്‍ അതിഭയങ്കരമായി പ്രതരോധിച്ചു; മധ്യ തിരുവിതാംകൂര്‍ സംഘര്‍ഷ പൂരിതമായി. ഗുരുവായൂരില്‍ തൊഴാനെത്തിയ മുഖ്യന്റെ ഉടുമുണ്ടുരിഞ്ഞ് അപമാനിക്കാന്‍ വരെ ശ്രമം നടന്നു.
കരുണാകരന്‍ പത്രാധിപന്മാരുടെ യോഗം വിളിച്ചു പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കരുതെന്ന് ഹിന്ദു സംഘടനകളെയും ക്രൈസ്തവ മത മേലധ്യക്ഷരെയും ഗുണദോഷിച്ചു. ആങ്ങാമൂഴിയില്‍ പള്ളിപണിയാന്‍ അഞ്ചേക്കര്‍ പതിച്ചു കൊടുത്തു പ്രശ്‌നം തീര്‍ത്തു.
പൊലീസ് സംരക്ഷണത്തോടെ മലകയറാനെത്തിയ മനിതികള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനില്‍ കാണുമ്പോള്‍ കരുണാകരന്റെ മഹത്വം ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു.
ലീഡര്‍ക്ക് ആദരാഞ്ജലികള്‍