കൊച്ചി: ദേശീയപാത ഉപരോധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പരാതി പോലീസ് ചെവിക്കൊണ്ടില്ലെന്ന് പരാതി. വിഷയത്തിൽ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കാതെ നടൻ ജോജു ജോർജിന്റെ പരാതിയിൽ മാത്രം കേസെടുത്തതിലാണു പ്രതികരണം.
സ്ത്രീകൾ കൊടുത്ത പരാതിയിൽ പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചോദിച്ചു. ലഹരിക്ക് അടിമപ്പെട്ടു വരുന്നതു പോലെ തുണിയും മടക്കിക്കുത്തി സ്ത്രീകൾ അടക്കമുള്ളവർ ഉള്ളിടത്തേയ്ക്ക് അവരെ തട്ടിയിട്ട് തെറിവിളിച്ചാണ് ജോജു വന്നത്. സ്ത്രീകളെ തള്ളിയിട്ടത് പോലീസ് കണ്ടില്ലെന്നാണ് പറഞ്ഞത്. ആ സമയത്ത് പോലീസ് അവിടെ ഉണ്ടായിരുന്നില്ലെന്നും ഷിയാസ് പറഞ്ഞു.
അതേസമയം, ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കാൻ നടത്തിയ സമരം പോലെ ഇതിനെ വ്യാഖ്യാനിച്ചു കൊണ്ടുവരരുത്. കോൺഗ്രസുകാരല്ല, ജോജുവാണ് സംഘർഷം ഉണ്ടാക്കിയതെന്നും ദീപ്തി പറഞ്ഞു.
Discussion about this post