ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്ത സംഭവം; കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ എഫ്‌ഐആര്‍, താരത്തിന്റെ വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടം

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്ത സംഭവത്തില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജോജുവിന്റെ വാഹനത്തിന് ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

വാഹനം തകര്‍ത്തവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. അക്രമത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിന്റെ വാഹനം ആക്രമിച്ചത്. വാഹനം തടഞ്ഞ്, ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തതായും എഫ്‌ഐആര്‍ പറയുന്നു.

നടന്റെ പരാതിയില്‍ മരട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജോജുവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. വൈറ്റിലയിലായിരുന്നു തിങ്കളാഴ്ച രാവിലെ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടത്തിയത്. മണിക്കൂറുകളോളം കാത്തുകെട്ടി കിടന്ന് ക്ഷമ നശിച്ചതോടെയാണ് പ്രതിഷേധം രേഖപ്പെടുത്തി ജോജു രംഗത്തെത്തിയത്.

Exit mobile version