നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്നു കിലോ സ്വർണവുമായി വിമാന ജീവനക്കാരനടക്കം ഏഴുപേരാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ഞായറാഴ്ച ഒരു സ്ത്രീയടക്കം ഏഴുപേർ അഞ്ച് കിലോ സ്വർണവുമായി പിടിയിലായിരുന്നു.
എയർ ഇന്ത്യ സീനിയർ ക്യാബിൻ ക്രൂവായ മുംബൈ സ്വദേശി അമോദ് സാമന്ത് ആണ് 1.400 കിലോ സ്വർണവുമായി പിടിയിലായത്. വിമാനത്താവളത്തിൽ ജോലി നോക്കുന്ന ആരുടെയെങ്കിലും സഹായത്തോടെയാകാം ഇയാൾ സ്വർണം പുറത്തുകടത്തിയിരിക്കുന്നത് എന്നും കസ്റ്റംസ് സംശയിക്കുന്നു. പിടികൂടിയ സ്വർണത്തിന് 70 ലക്ഷം രൂപ വില വരും.
ഞായറാഴ്ച പുലർച്ചെ ലണ്ടനിൽനിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ക്യാബിൻ ക്രൂവായി അമോദ് സാമന്തുമുണ്ടായിരുന്നു. കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം ഇയാൾ പാലാരിവട്ടത്തെ ഒരു ഹോട്ടലിൽ വിശ്രമിച്ചു. തുടർന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ മുംബൈക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തി. ഈ സമയത്ത് ഇയാളുടെ ബാഗേജ് പരിശോധിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വർണം കണ്ടെത്തിയത്.
തുടർന്ന് സിഐഎസ്എഫ് ഇയാളെ കസ്റ്റംസിന് കൈമാറി. വള രൂപത്തിലുള്ള നാല് തങ്കക്കട്ടികളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കൊച്ചിയിൽ വെച്ച് ഒരാൾ തനിക്ക് കൈമാറിയതാണ് സ്വർണമെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, ഇയാൾ താമസിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽനിന്ന് സ്വർണം ലണ്ടനിൽനിന്ന് കടത്തിക്കൊണ്ടുവന്നതാകാം എന്ന നിഗമനത്തിലാണ് കസ്റ്റംസെത്തിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽനിന്നെത്തിയ തമിഴ്നാട് സ്വദേശികളായ ആറുപേരിൽ നിന്നാണ് 1600 ഗ്രാം സ്വർണം പിടികൂടിയത്.
Discussion about this post