കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയ യുട്യൂബ് ചാനല്‍ നമോ ടിവി ഉടമയെയും അവതാരകയെയും പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നമോ ടിവി ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം നേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇരുവരും തിരുവല്ല എസ്എച്ച്ഒ പിഎസ് വിനോദിന് മുമ്പാകെ കീഴടങ്ങിയത്. ഉച്ചയോടെ ആയിരുന്നു ഇരുവരും സ്റ്റേഷനിലെത്തിയത്.
ഒരു മതവിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും നടത്തിക്കൊണ്ട് നമോ ടിവി എന്ന യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോ ആയിരുന്നു പരാതിയ്ക്ക് അടിസ്ഥാനം.
വീഡിയോ വിവാദമായതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശനുള്‍പ്പെടെ ചാനലിന് എതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സെപ്റ്റംബര്‍ 19ന് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ചാനല്‍ ഉടമയും അവതാരകയും ഒളിവില്‍ പോകുകയായിരുന്നു. വൈകുന്നേരത്തോടെ ഇരുവരെയും തിരുവല്ല കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.