കൊച്ചി: കോൺഗ്രസിന്റെ ഇന്ധനവില വർധനവിന് എതിരായ പ്രതിഷേധത്തോട് പൊട്ടിത്തെറിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് തകർത്ത് പ്രവർത്തകർ. മദ്യപിച്ചിരുന്നെന്ന കോൺഗ്രസിന്റെ ആരോപണം തള്ളിക്കളഞ്ഞ ജോജു താൻ വൈദ്യപരിശോധനയ്ക്ക് പോവുകയാണെന്നും വ്യക്തമാക്കി.
‘ഞാൻ നന്നായി കള്ളു കുടിച്ചിരുന്ന ആളാണ്. പക്ഷേ മദ്യപാനം നിർത്തിയിട്ട് അഞ്ചു വർഷമായി. മദ്യപിച്ചിട്ടുണ്ടെന്നാണല്ലോ അവർ ആരോപിക്കുന്നത്. ഇപ്പോൾ ആശുപത്രിയിലേയ്ക്ക് പോകുകയാണ്. ചെയ്ത കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഒരു പാർട്ടിക്കും എതിരില്ല. കയ്യിൽ പരുക്കുകൾ പറ്റിയിട്ടുണ്ട്’ ജോജു പറഞ്ഞു. ‘ഭയങ്കര കൊതിയോട് കൂടി വാങ്ങിച്ച വണ്ടിയാണ്. ഇതുകണ്ടില്ലേ, അവിടെയുള്ള ആളുകളെ എനിക്ക് മുൻപരിചയം പോലുമില്ല. മണിക്കൂറുകളോളം വണ്ടികൾ ബ്ലോക്ക് ചെയ്തിട്ടുള്ള സമരം ശരിയല്ല. ഒരവസരത്തിലും സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളല്ല ഞാൻ. ഒരാളോടും മാപ്പ് പറയില്ല.’ -ജോജു പറഞ്ഞു.
താൻ മദ്യപാനം നിർത്തിയിട്ട് അഞ്ചു വർഷമായെന്നും ജീവിതത്തിൽ ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും നടൻ പറഞ്ഞു. വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച നടനെയും അദ്ദേഹത്തിന്റെ വണ്ടിയെയും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു.
Discussion about this post