തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകള്‍ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും.
24300 തെര്‍മ്മല്‍ സ്‌ക്യാനര്‍ വിതരണം ചെയ്തിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്ക് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന് സ്വീകരിക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നും അവര്‍ ഓണ്‍ലൈനായി വിദ്യാഭ്യാസം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലംപാലിക്കണം.
അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനും 1800ഓളം പ്രധാനാധ്യാപകരെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നിയമിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഇനി ഫിറ്റ്നസ് ലഭിക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 446 ആണ്. 2282 അധ്യാപകര്‍ വാക്സിന്‍ എടുക്കാത്തതായുണ്ട്. ഈ അധ്യാപകരോട് സ്‌കൂളുകളില്‍ വരേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി. ഡെയ്ലി വേജസില്‍ വാക്സിന്‍ എടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍ അവര്‍ ഇനി ജോലിയ്ക്ക് വരേണ്ടതില്ല.
15452 സ്‌കൂളുകളില്‍ നൂറിന് താഴെയുള്ള സ്‌കൂളുകളില്‍ മാത്രമാണ് അണുനശീകരണം നടത്താന്‍ ബാക്കിയുള്ളത്. സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഫണ്ട് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് തുടങ്ങിയവ വാങ്ങുന്നതിന് 2.85 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.