തിരുവനന്തപുരം: തിരുവനന്തപുരം റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. നവംബർ ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ പൂർണ്ണമായി ഓൺലൈൻ റിസർവ്വേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ സന്ദർശനം.
ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ റസ്റ്റ് ഹൗസുകളെ സജ്ജമാക്കണമെന്ന നിർദ്ദേശം നടപ്പിലായോ എന്ന് പരിശോധിക്കാനാണ് മന്ത്രി റസ്റ്റ് ഹൗസിൽ പരിശോധനക്ക് എത്തിയത്. റസ്റ്റ് ഹൗസുകളുടേയും റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ മന്ത്രി വിശദമായി പരിശോധിച്ചു.
അതേസമയം, റസ്റ്റ് ഹൗസിലെ സാഹചര്യത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മന്ത്രി സർക്കാർ നിർദേശം പ്രാവർത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. സന്ദർശന സ്ഥലത്തു വച്ചു തന്നെ ബിൽഡിംഗ് ചീഫ് എഞ്ചിനീയറോട് നടപടി എടുക്കണമെന്ന് മന്ത്രി നിർദേശം നൽകി. ഇത് ഒരു നിലയിലും പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന പ്രവണത അല്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
”പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാൻ പോവുകയാണ്. എല്ലാവരുടേയും, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ജനങ്ങളുടേയും പിന്തുണയോടെയാണ് ജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നത്. അതിനു മുന്നോടിയായി ശുചിത്വം ഉറപ്പു വരുത്താൻ നേരത്തെ തന്നെ പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. എല്ലാ സ്ഥലവും പരിശോധിച്ചു. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല ഇവിടുത്തെ കാര്യങ്ങൾ.
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ, സിഇ ( ചീഫ് എഞ്ചിനിയർ ) നടപടി സ്വീകരിക്കും. ഒരു നിലയിലും പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന പ്രവണത അല്ല ഇത്. അതു കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത് മുന്നോട്ടു പോകും. ഇങ്ങനെ ഒക്കെ പോയാൽ മതി എന്ന് ആരെങ്കിലും കരുതിയാൽ, ഇങ്ങനെ ഒന്നും അല്ല പോകാൻ പോകുന്നത്. അത് ഏത് ഉദ്യോഗസ്ഥനായാലും. തെറ്റായ രീതിയിൽ ചിന്തിക്കുന്നവർ അങ്ങനെ കരുതി സർക്കാർ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാൽ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കുകയും ഇല്ല. ശക്തമായ നിലപാട് എടുക്കും.
ശുചിത്വം ഉറപ്പു വരുത്താൻ നേരത്തെ നിർദ്ദേശം നൽകിയതാണ്. എന്നാൽ തെറ്റായ പ്രചരണം നടത്തി സർക്കാർ എടുക്കുന്ന നല്ല സമീപനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതി ഒരിക്കലും അംഗീകരിക്കില്ല. ‘- മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post