എടത്വാ: വീട്ടിലെ വെള്ളക്കെട്ട് കാരണം ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ കഷ്ടപ്പെട്ട ബന്ധുക്കൾക്ക് മതത്തിന്റെ അതിരുകൾ വിലങ്ങുതടിയാകാതെ സ്ഥലം വിട്ടുനൽകി എടത്വാ പള്ളി. കോവിഡ് ബാധിച്ചുമരിച്ച തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെപി പൊന്നപ്പ(73)ന്റെ മൃതദേഹം സംസ്കരിക്കാനാണ് എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി സ്ഥലംവിട്ടുനൽകിയത്.
ചക്കുളത്തുകാവിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുമ്പോഴാണു പൊന്നപ്പനു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചേ 5.30-നു മരിച്ചു. വീടുസ്ഥിതിചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കൊച്ചുമോൾ ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്തും എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയുമായി സംസാരിച്ച് സംസ്കാരത്തിനായി അനുവാദം വാങ്ങുകയായിരുന്നു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, എടത്വാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, കൈക്കാരൻമാരായ ജോളി മഠത്തിക്കളം, ബിജു കറുകയിൽ, കെ.എം, മാത്യു തകഴിയിൽ, യുവദീപ്തി പ്രവർത്തകരായ സിലിൻ, ജുവെൽ, അലക്സ്, ടിജിൽ എന്നിവർ സംസ്കാരത്തിന് നേതൃത്വംനൽകി.
നേരത്തെ, വീട്ടിൽ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാതിരുന്ന രണ്ടു ഹിന്ദുമത വിശ്വാസികളുടെ സംസ്കാരത്തിനായി പള്ളിസ്ഥലം വിട്ടുനൽകിയിരുന്നു. സരസമ്മയാണ് പൊന്നപ്പന്റെ ഭാര്യ. മക്കൾ: സന്തോഷ്, സതീശൻ, സന്ധ്യ. മരുമക്കൾ: ഷേർളി, രാജീവ്.
Discussion about this post