തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്നുമാണ് പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ്.
നവംബർ മൂന്നുവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. മലയോര മേഖലകളിൽ കൂടുതൽ മഴ പെയ്യാനാണ് സാധ്യത. ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതിചെയ്യുന്നു. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാൻ സാധ്യത. ഇതാണ് വരുംദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് ഇടയാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ കേരളത്തിലെ അണക്കെട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കടുക്കുകയാണെങ്കിൽ ഇടുക്കി ഡാം വീണ്ടും തുറക്കേണ്ടി വരുമെന്ന് കെഎസ്ഇബി വൃത്തങ്ങൾ പറഞ്ഞു.
മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം ഒഴുക്കേണ്ടിവരികയും ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും പെരിയാർ നദീതടത്തിലും ശക്തമായ മഴ പെയ്യുകയും ചെയ്താലാണ് വീണ്ടും തുറക്കേണ്ടിവരിക. അടുത്ത 24 മണിക്കൂറിൽ ഇടുക്കിയിലെ ജലനിരപ്പിൽ ആശങ്കവേണ്ടെന്നാണ് വിലയിരുത്തൽ.
Discussion about this post