തിരുവനന്തപുരം: മീൻപിടിക്കാനായി പോയ മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് മിന്നലേറ്റ് ദാരുണമരണം. തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്സാണ്ടർ പീറ്റർ (32) ആണ് മരിച്ചത്.
അലക്സാണ്ടറിനൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയൽ, സൈമൺ, രാജു എന്നിവർ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ട് നാലിന് തുമ്പ കടപ്പുറത്തുനിന്ന് തുമ്പ സ്വദേശിയായ ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്സ് എന്ന ഫൈബർ വള്ളത്തിലാണ് ഇവർ മീൻപിടിക്കാൻ പോയത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്.
മിന്നലേറ്റു ബോധരഹിതനായ അലക്‌സാണ്ടറിനെ രാത്രി 12 ഓടെ തീരത്തെത്തിച്ചു. ഉടൻതന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
തുമ്പ ഫാത്തിമ മാതാ പള്ളിയിൽ സംസ്‌കാരം നടത്തി. അവിവാഹിതനാണ് അലക്സാണ്ടർ. സഹോദരങ്ങൾ: മൈക്കിൾ പീറ്റർ, ബാബു. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.