കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിന് തടവു ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും 10000 രൂപ പിഴയുമാണ് കൊയിലാണ്ടി ഫ്സറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവതിയില്‍ നിന്ന് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. വീടുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രവാദത്തിലൂടെ പരിഹാരം തേടിയാണ് ഷാഹിദ റഹ്മത്തിനെ സമീപിച്ചത്.
2015ലെ സിഐ ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ചാലില്‍ അശോകന്‍, പിപി മോഹനകൃഷ്ണന്‍, പി പ്രദീപന്‍, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇവര്‍ മന്ത്രവാദത്തിനെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചതായി പരാതികള്‍ അനവധിയാണ്.