കണ്ണൂർ: കൊവിഡ് 19 ബാധിച്ച 77കാരനായ പിതാവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് മക്കൾ. കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തിയ വടകര മണിയൂർ സ്വദേശിയായ വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും അറിയിച്ചതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ.
ദിവസങ്ങൾക്ക് മുമ്പ് കൊവിഡ്19 ബാധിതനായതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് നാരായണനെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോൾ ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും മൂന്ന് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല. രോഗം ഭേദമായപ്പോഴും അച്ഛനെ തിരിച്ചുകൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ മക്കളെ സമീപിച്ചിട്ടും ആരുമെത്തിയില്ല. ആശുപത്രി ജീവനക്കാരും വാർഡിലെ മറ്റ് രോഗികളും ചേർന്നാണ് നാരായണനെ പരിചരിച്ചിരുന്നത്.
മക്കളിലൊരാൾ സർക്കാർ സ്‌കൂൾ ജീവനക്കാരനാണ്. സംഭവമറിഞ്ഞതോടെ മൂന്ന് മക്കളെയും അധികൃതർ ബന്ധപ്പെട്ടു. എന്നാൽ ആരും നാരായണനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഓർമക്കുറവുള്ള നാരായണന് ദൈനംദിന കാര്യങ്ങൾ നിറവേറ്റാനടക്കം പരസഹായം ആവശ്യമുണ്ട്. ബന്ധുക്കളാരും തിരിഞ്ഞ് നോക്കാതായതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് മലബാർ മെഡിക്കൽ കോളജിലെ അധികൃതർ.