ചെറുതുരുത്തി: വയോധികയും പ്രായമായ മകളും താമസിക്കുന്ന വീട്ടിൽ മോഷണത്തിന് കയറിയ ബിഹാർ സ്വദേശിയെ പിടികൂടി. തൃശ്ശൂരിലെ വരവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ചങ്കരത്ത് പരേതനായ സിപി ശങ്കരൻ കുട്ടിയുടെ ഭാര്യ ദേവകി (66), അമ്മ കുഞ്ഞിക്കുട്ടിയമ്മ (100) എന്നിവർ താമസിക്കുന്ന വീട്ടിലാണ് ബുധനാഴ്ച രാത്രി കള്ളൻ കയറിയത്.
മോഷണശ്രമത്തിനിടെ ബിഹാർ സ്വദേശി രാജേഷ് പാസ്വാനെ(28) നാട്ടുകാരുടെ സഹായത്തോടെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ദേവകിയും അമ്മയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മക്കൾ ജോലി സ്ഥലത്താണ്. വീട്ടിലെ ബാത്ത്റൂമിൽനിന്ന് ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് ഉള്ളിൽ ആരോ ഉള്ളതായി സംശയം തോന്നിയത്.
ഉടൻ ഇവർ ബാത്ത്റൂം പൂട്ടുകയും വീടിന്റെ മുന്നിലേയും പുറകിലേയും വാതിൽ പുറത്തു പുറത്തുനിന്ന് പൂട്ടി നാട്ടുകാരനായ ഒട്ടോ ഡ്രൈവറെ ഫോണിൽ വിളിച്ചു വിവരംധരിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് പ്രദേശത്തുള്ളവർ എത്തി വാതിൽ തുറന്ന് മോഷ്ടാവിനെ പിടികൂടിയത്.
പിന്നീട് ചെറുതുരുത്തി പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി യുവാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വരവൂർ പ്രദേശത്ത് നിർമ്മാണ തൊഴിലാളിയായ സഹോദരന്റെ അടുത്ത് വന്നതാണെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. രണ്ടുമാസം മുമ്പാണ് രാജേഷ് കേരളത്തിൽ എത്തിയതെന്നാണ് പോലീസ് പറയുന്നത്. സിഐ എം അൽത്താഫ് അലി, എസ്ഐ ആൻറണി തോംസൺ എന്നിവർ ചേർന്ന് യുവാവിനെ കോടതിയിൽ ഹാജരാക്കി.
Discussion about this post