തൃപ്രയാര്‍: മതില് പണിയാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി മൂര്‍ഖന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മേല്‍ തൃക്കോവില്‍ ശിവക്ഷേത്രം കിഴക്ക് വെള്ളാംപറമ്പില്‍ സുമന വിജയന്റെ വീട്ടിലാണ് അപകടം. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന ബൈക്ക് മാറ്റിയ ശേഷം അടിയിലെ പലക നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറടി നീളമുള്ള മൂര്‍ഖനെ കണ്ടത്.
പെരുച്ചാഴികളെ വിഴുങ്ങി കിടക്കുകയായിരുന്ന പാമ്പ് ആളുകളെ കണ്ടതോടെ ആക്രമിക്കാനായി ആഞ്ഞ് കൊത്തിയെങ്കിലും ഉന്നം തെറ്റി പലകയില്‍ കൊണ്ടു. ഇതിനിടെ തൊഴിലാളി ചാടി രക്ഷപ്പെടുകയായിരുന്നു. ചുറ്റും ആളുകളെ കണ്ടപ്പോള്‍ പേടിച്ചുപോയ പാമ്പ് രണ്ട് പെരുച്ചാഴികളെയും ഛര്‍ദിച്ചു കളഞ്ഞതിനു ശേഷം സമീപത്തെ പൊത്തിലേയ്ക്ക് ഇഴഞ്ഞുപോവുകയും ചെയ്തു.
തളിക്കുളം അനിമല്‍ സ്ക്വാഡ് പ്രവര്‍ത്തകരെത്തി പൊത്ത് തകര്‍ത്തതോടെ പാമ്പ് ഫണം വിരിച്ച് ചീറ്റിയെത്തി. ഉടനെ സ്ക്വാഡ് പ്രവര്‍ത്തകര്‍ പാമ്പിനെ പിടികൂടുകയായിരുന്നു. സുമനയുടെ മകനും ഫോട്ടോഗ്രഫറുമായിരുന്ന സച്ചി ഉപയോഗിച്ചിരുന്ന ബൈക്കാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ സച്ചി മരിച്ചതോടെ വീടിന്റെ പുറകില്‍ ഈ ബൈക്ക് സൂക്ഷിക്കുകയായിരുന്നു.
Discussion about this post