തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍. അനുപമയുടെ മാതാപിതാക്കള്‍ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ എതിര്‍പ്പറിയിച്ചത്. കേസില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യഹര്‍ജിയില്‍ നവംബര്‍ രണ്ടിന് കോടതി വിധി പറയും.
വ്യാഴാഴ്ച ജാമ്യഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കുഞ്ഞിനെ തേടി ഒരമ്മ നാടുനീളെ അലയുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഗര്‍ഭിണിയായ അനുപമയെ കട്ടപ്പനയിലാണ് പ്രതികള്‍ പാര്‍പ്പിച്ചിരുന്നത്. തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രവും ഒപ്പിട്ട് വാങ്ങിയിരുന്നു. ഇതുസംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍, കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ സുരക്ഷിതമായി വളര്‍ത്താനാണ് കൈമാറിയത്. ഇതെല്ലാം അനുപമയുടെ സത്യവാങ്മൂലത്തിലുണ്ട്. പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭിണിയായാണ് തിരിച്ചുവന്നത്. ഈ സാഹചര്യത്തില്‍ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ ഇവരും ചെയ്തിട്ടുള്ളൂ. അമിതമായ വാര്‍ത്താപ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജിയില്‍ വിധി പറയരുതെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
അമ്മ അറിയാതെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയെന്ന കേസില്‍ പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ പോലീസ് നടപടി ശക്തമാക്കിയതോടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.