തിരുവനന്തപുരം: നെയ്യാറിലെ മണൽമാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മൂമ്മ വാർധക്യകാലത്ത് ആരോരുമില്ലാതെ പട്ടിണിയിലും ദയനീയ അവസ്ഥയിലും. ഓലത്താന്നി ഡാളി കടവിലെ ഡാളി അമ്മൂമ്മയുടെ കഷ്ടപ്പാട് അറിഞ്ഞ ജില്ലാപഞ്ചായത്ത് അധികൃതർ ഇവരെ ജില്ലാപ്പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ അഗതിമന്ദിരത്തിലേക്കു മാറ്റി.
കാട്ടാക്കടയിലുള്ള പരിചയക്കാരിയുടെ വീട്ടിൽ ഒരാഴ്ചയോളമായി ഭക്ഷണമില്ലാതെ അവശനിലയിലാണ് ഡാളി അമ്മൂമ്മയെ കണ്ടെത്തിയത്. ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളി അമ്മൂമ്മ മണൽമാഫിയകളുടെ ഭീഷണിയെ അതിജീവിച്ചാണ് ശ്രദ്ധേയയായത്.
വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് തൊണ്ണൂറ് വയസ്സ് കഴിഞ്ഞ ഡാളി അമ്മൂമ്മയുടെ വീട് ആറിന്റെ മധ്യത്തിലായി. എന്നിട്ടും വീട് ഉപേക്ഷിക്കാതെ അവിടേക്ക് താത്കാലിക പാലം നിർമ്മിച്ച് താമസിച്ച് അമ്മൂമ്മ പോരാട്ടം തുടർന്നു. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിലെ തൂപ്പുകാരിയായി വിരമിച്ച ഡാളി അമ്മൂമ്മ പെൻഷനായി ലഭിച്ചിരുന്ന പണംകൊണ്ടാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നെയ്യാർ നിറഞ്ഞൊഴുകിയതോടെ താൽക്കാലിക പാലം ഉൾപ്പടെ തകർന്നതോടെയാണ് ഇവർ വീട് ഉപേക്ഷിച്ചത്. ഡാളിയമ്മൂമ്മയെ പോലീസും റവന്യൂ അധികൃതരും പരണിയത്തെ ബന്ധുവീട്ടിലാക്കുകയായിരുന്നു.
ബന്ധുവീട്ടിൽനിന്നും പിന്നീട് കാട്ടാക്കട പുല്ലുവിളാകത്ത് പരിചയക്കാരിയായ ചന്ദ്രികയുടെ വീട്ടിലേക്ക് താമസം മാറി. വയോധികയായ ചന്ദ്രികയ്ക്ക് അടുത്തിടെ അർബുദം സ്ഥിരീകരിച്ചു. ഇവർ കിടപ്പിലായതോടെ ഡാളിയമ്മൂമ്മയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ ഈ വീട്ടിൽ കഴിഞ്ഞ ഡാളിയമ്മൂമ്മയെക്കുറിച്ച് ജില്ലാപ്പഞ്ചായത്തിന് പരാതി ലഭിച്ചു. തുടർന്ന് ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വിആർ സലൂജ കാട്ടാക്കടയിലെ വീട്ടിലെത്തി ഡാളിയമ്മൂമ്മയെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ഡാളിയമ്മൂമ്മയുടെ ഓലത്താന്നിയിലെ വീട്ടിലേക്ക് നിർമ്മിച്ച തടിപ്പാലം ഇക്കഴിഞ്ഞ കനത്ത മഴയിൽ പൂർണമായും തകർന്നുപോയിരുന്നു. മണൽമാഫിയയോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയതിനെത്തുടർന്നാണ് ഇവരുടെ വീട് നിൽക്കുന്ന സ്ഥലത്തിന് ഡാളി കടവെന്നാണ് നാട്ടുകാർ പേരിട്ടത്.
Discussion about this post