പാലക്കാട്: കാഞ്ഞിരപ്പുഴയിലെ ബിവേറജസ് ഔട്ട്ലെറ്റിൽ നിന്നും കളക്ഷൻ പണവുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പോലീസ് പിടികൂടിയത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയാണ് ഇയാൾ മോഷ്ടിച്ചത്. എന്നാൽ അറസ്റ്റിലായ പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപയാണ് കണ്ടെത്താനായത്.
പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ലെറ്റിലെ നാല് ദിവസത്തെ കളക്ഷൻ തുകയുമായാണ് ജീവനക്കാരനായ ഗിരീഷ് മുങ്ങിയത്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ബാങ്ക് അവധി ആയതിനാൽ 31,25,240 രൂപയാണ് കൈയ്യിലുണ്ടായിരുന്നത്. ഇതുമായാണ് ഇയാൾ കടന്നുകളഞ്ഞത്.
നാല് ദിവസത്തെ അവധി കഴിഞ്ഞ് ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് ഇയാൾ കടന്നുകളഞ്ഞത്.
ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്. വാളയാർ അതിർത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Discussion about this post