കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി; പച്ചക്കറി കച്ചവടം നടത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപ്രതീക്ഷിത അപകടത്തില്‍ ഞെട്ടി നാട്ടുകാര്‍

ശ്രീകാര്യം: ചെമ്പഴന്തി ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൗഡിക്കോണം വട്ടവിള വീട്ടില്‍ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയില്‍ പ്ലാവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എസ്. ചന്ദ്രികയാണ് മരിച്ചത്. 55 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

ശ്രീകാര്യത്ത് നിന്നും ചെമ്പഴന്തി ഭാഗത്തേക്കു പോയ കാര്‍ നിയന്ത്രണം വിട്ട് റോഡരുകില്‍ ടാര്‍പോളിന്‍ കെട്ടി പച്ചക്കറി കച്ചവടം നടത്തുന്ന ചന്ദ്രികയുടെ കട തകര്‍ത്തു കൊണ്ട് ചന്ദ്രികയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പോലീസ് നിഗമനം. കാര്‍ ഓടിച്ചിരുന്ന ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരന്‍ മോഹന്‍കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പി.അനന്തു,സി.അപര്‍ണ എന്നിവരാണ് മരിച്ച ചന്ദ്രികയുടെ മക്കള്‍. ഒരു വര്‍ഷമായി ഉദയഗിരിയിലെ വാടക വീട്ടില്‍ താമസിക്കുന്ന ചന്ദ്രിക വീടിനു സമീപം റോഡിന്റെ വശത്ത് പച്ചക്കറി തട്ടുകട നടത്തുകയായിരുന്നു.

Exit mobile version