വാഴൂർ: കോട്ടയം വാഴൂരിലെ 29കാരായ ഈ ഇരട്ടസഹോദരങ്ങൾ ഇപ്പോൾ നാട്ടിലെ താരങ്ങളാണ്. ഒരുമിച്ച് സ്‌കൂൾ-കോളേജ് പഠനം പൂർത്തിയാക്കി, ഒരുമിച്ച് പിഎസ്‌സി പഠനവും ആരംഭിച്ച ഇരുവരും ഇപ്പോൾ കാക്കിയും തൊപ്പിയുമണിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. വാഴൂർ ഇളങ്ങോയി പുത്തൻപുരയ്ക്കൽ വീട്ടിലെ ഗോപിനാഥൻനായരുടേയും സുഷമയുടേയും മക്കളായ ജിഷ്ണുവും വിഷ്ണുവുമാണ് ഈ ‘അപൂർവ സഹോദരങ്ങൾ’.
ജിഷ്ണുവും വിഷ്ണുവും ഒന്നിച്ച് പോലീസ് കോൺസ്റ്റബിൾ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിക്കാനൊരുങ്ങുന്നത്. ഇരുവരും ഒരേസ്‌കൂളിൽ ഒരേ ക്ലാസുകളിലായാണ് പഠനം പൂർത്തിയാക്കിയത്. ചെറുപ്പകാലം മുതൽ ഇരുവരുടെയും മോഹമായിരുന്നു പോലീസുകാരാകുക എന്നത്. കാഞ്ഞിരപ്പള്ളി ഐഎച്ച്ആർഡി കോളേജിൽനിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സ് പഠനം പൂർത്തിയാക്കിയ ഇരുവരും പുതുപ്പള്ളി ഐഎച്ച്ആർഡി കോളേജിൽനിന്ന് എംഎസ്‌സി ബിരുദവും നേടി.
പഠനത്തിനിടെ തന്നെ 18 വയസ്സ് പൂർത്തിയായപ്പോൾ മുതൽ എല്ലാ പിഎസ്‌സി പരീക്ഷകൾക്കും അപേക്ഷ നൽകി എഴുതിത്തുടങ്ങി. പലപ്പോഴും ലിസ്റ്റിൽ കയറിയെങ്കിലും ജോലി കിട്ടിയില്ല. ഇതോടെ സർക്കാർ ജോലി നേടാൻ തീവ്രപരിശീലനം തുടങ്ങി. ഒരുമിച്ചായിരുന്നു പിഎസ്‌സി പരിശീലനവും. പരസ്പരം ചോദ്യങ്ങൾ ചോദിച്ചും എഴുതിയുമെല്ലാം അറിവുകൾ നേടി.
2018-ൽ നടന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പ്രധാന പട്ടികയിൽ ഇരുവരും ഇടം നേടിയതോടെ ആത്മവിശ്വാസം ഇരട്ടിയായി. കായിക പരിശോധനയ്ക്കായി ഒന്നിച്ച് കഠിന പരിശ്രമവും ആരംഭിച്ചു. കണ്ണൂരിലെ പോലീസ് ക്യാംപിൽനിന്നാണ് ഇരുവരും പരിശീലനം പൂർത്തിയാക്കിയത്. ഉടനെ ഇവർ കുട്ടിക്കാനത്തെ പോലീസ് ക്യാമ്പിലേക്ക് മാറും. ഒന്നിച്ച് ഒരേ സ്റ്റേഷനിൽ തന്നെ ജോലിചെയ്യണമെന്നാണ് ഇവരുടെ മറ്റൊരു ആഗ്രഹം.