തിരുവനന്തപുരം: സംസ്ഥാനത്തെ തീയ്യേറ്ററുകൾ തിങ്കളാഴ്ച തുറന്നതിന് പിന്നാലെ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങുന്നു. തിങ്കളാഴ്ച തീയ്യേറ്ററുകൾ തുറന്ന് ശുചീകരണ പ്രവൃത്തികളായിരുന്നു നടത്തിയിരുന്നത്. തീയ്യേറ്റർ ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി.
പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. മലയാള ചിത്രങ്ങൾ നിലവിൽ പ്രദർശനത്തിന് എത്തിയിട്ടില്ല. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക.
മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതടക്കം തീയ്യേറ്റർ ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ യോഗംചേരാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും തീയ്യേറ്റർ ഉടമകളുടെ ആവശ്യങ്ങളെ കുറിച്ച് ചർച്ചചെയ്യുന്ന യോഗം ചേരുക. രണ്ടാം തരംഗത്തിന്റെ വ്യാപനത്തെ തുടർന്ന് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് സിനിമ പ്രദർശനം തുടങ്ങുന്നത്.
Discussion about this post