കൊല്ലം: ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മാപ്പുസാക്ഷിയായ പാമ്പുപിടുത്തക്കാരന്‍ സുരേഷ് ജയില്‍ മോചിതനായി. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് മൂര്‍ഖന്‍പാമ്പിനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സുരേഷ് പറയുന്നു.
പാമ്പിനെ കൈമാറിയ വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും കേസില്‍ കൂട്ടുപ്രതിയാക്കുമെന്നും സൂരജ് ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍. വനംവകുപ്പുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു സുരേഷ്.
പാമ്പിനെ കൈമാറുമ്പോള്‍ അത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് തനിക്ക് അറിയില്ലായിരുന്നു. ഉത്രയുടെ മാതാപിതാക്കളെ നേരില്‍ കാണണമെന്നും അവരുടെ കാല് പിടിച്ച് മാപ്പ് പറയണമെന്നും സുരേഷ് പറഞ്ഞു. മൂന്ന് മക്കളുടെ അച്ഛനായ തനിക്ക് സ്വന്തം കുട്ടിയെ നഷ്ടപ്പെടുന്ന ഒരു രക്ഷിതാവിന്റെ മാനസിക വിഷമം മനസ്സിലാകുമെന്നും സുരേഷ് പറയുന്നു. സൂരജ് തന്നെ ചതിച്ചതാണെന്നും പരിഹാരമാകില്ലെങ്കിലും ഉത്രയുടെ മാതാപിതാക്കളുടെ കാലില്‍വീഴണമെന്ന് ആഗ്രഹിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.
സൂരജ് തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. പാമ്പുപിടിക്കുന്നതിന്റെ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്. ഇത്പോലെ പാമ്പിനെ പിടിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കാറുണ്ടെന്നും സൂരജ് പറഞ്ഞു.
ചാത്തന്നൂരില്‍ വെച്ചാണ് സൂരജിനെ ആദ്യം കണ്ടത്. പിന്നീട് ഉത്ര കൊല്ലപ്പെട്ട ശേഷമാണ് സൂരജ് വിളിച്ചത്. മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനാണ് ഈ മഹാപാപം ചെയ്തത് മഹാപാപി എന്ന് ചോദിച്ചപ്പോള്‍ മാനസിക വളര്‍ച്ചയില്ലാത്ത ഒരു പെണ്‍കുട്ടിക്കൊപ്പം ജീവിക്കുന്ന അവസ്ഥ മനസ്സിലാക്കണമെന്നും പാമ്പിനെ കൈമാറിയ കാര്യം ആരോടും പറയരുതെന്നും സൂരജ് ഭീഷണിപ്പെടുത്തി.
ചേട്ടന്‍ ഒന്നും മിണ്ടാതിരുന്നാല്‍ ഇത് ഒരു സര്‍പ്പദോഷമായി അവസാനിക്കുമെന്നും ഇല്ലെങ്കില്‍ സൂരജിനൊപ്പം താനും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് പറയുന്നു.