കാമുകന്റെ വീട്ടില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ്: പ്രതി വീട്ടില്‍ വന്ന തടിക്കച്ചവടക്കാരനെന്ന് തെളിഞ്ഞു; സത്യം തെളിഞ്ഞത് കണ്ടത് കാമുകന്റെ നിയമപോരാട്ടത്തില്‍

പത്തനംതിട്ട: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ വീട്ടില്‍ താമസമാക്കിയ നഴ്‌സിനെ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിലായി.പത്തനംതിട്ട കോട്ടാങ്ങലില്‍ രണ്ടു വര്‍ഷം മുമ്പാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് ഒടുവില്‍ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് കാമുകനല്ലെന്നും വീട്ടിലെത്തിയ തടിക്കച്ചവടക്കാരന്‍ നസീര്‍ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നസീര്‍(39) ആണ് അറസ്റ്റിലായത്.

2019 ഡിസംബര്‍ 15നാണ് 25കാരിയായ നഴ്‌സിനെ കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കാമുകനായ യുവാവിനെതിരെ പോലീസ് ആദ്യം കേസെടുത്തു. കാമുകന്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്.

പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ കാമുകനെ ക്രൂരമായി മര്‍ദ്ദിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷനും ലഭിച്ചിരുന്നു. തന്റെ നിരപാരാധിത്വം തെളിയിക്കാന്‍ കാമുകന്‍ തന്നെ നടത്തിയ നിയമപോരാട്ടത്തിലാണ് ഇപ്പോള്‍ യഥാര്‍ഥ വസ്തുത പുറത്തുവന്നതും, പ്രതി പിടിയിലായതും. സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചാണ് യഥാര്‍ഥ പ്രതിയെ കണ്ടെത്തിയത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറുമാസമായി ഓട്ടോ ഡ്രൈവറായ കാമുകന്റെ വീട്ടിലായിരുന്നു നഴ്‌സ് താമസിച്ചിരുന്നത്. സംഭവദിവസം കാമുകനും അച്ഛനും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് യുവതിയെ നസീര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയതായിരുന്നു പ്രതി. വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ഇയാള്‍ അതിക്രമിച്ചു കയറിയത്. യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തല ഭിത്തിയില്‍ ഇടിച്ച് ബോധരഹിതയായി. ഈ സമയം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനുശേഷം മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പ്രതിയെ മൂന്ന് തവണ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

Exit mobile version