ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാന്‍ മലയാളികളുടെ തിരക്ക്: രണ്ട് ദിവസം അയ്യായിരത്തിലധികം അപേക്ഷകള്‍; വെബ്‌സൈറ്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായ ഒരു ജോലിയ്ക്കുള്ള അപേക്ഷയുണ്ട്. ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷകരെ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ശമ്പളം. ഇങ്ങനെയൊരു പരസ്യം കണ്ടതോടെ മലയാളികളും വെറുതെയിരുന്നില്ല. കുത്തിയിരുന്നങ്ങ് അപേക്ഷിച്ചു. ഇപ്പോള്‍ അപേക്ഷകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

അപേക്ഷകരുടെ തിരക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 5000 പേര്‍ ഇ-മെയില്‍ വഴിയും 2000 പേര്‍ ഫേസ്ബുക്ക് വഴിയുമാണ് അപേക്ഷ നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി രണ്ടു ദിവസത്തിനിടെ അയ്യായിരത്തിലധികം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ ജോലിക്കായി 22നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് ജോലിക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണു നിയമനം.

രജിസ്റ്റര്‍ ചെയ്തവര്‍ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം. താല്‍പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. 100 പേര്‍ക്കാണ് തുടക്കത്തില്‍ നിയമനം ലഭിക്കുക. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭക്ഷണം ഉള്‍പ്പെടെ കമ്പനി നല്‍കും. അപേക്ഷ അയക്കേണ്ട ഇമെയില്‍: recruit@odepc.in വെബ്‌സൈറ്റ്: www.odepc.kerala.gov.in.

Exit mobile version