വിതുര : കാടിനോടുചേര്‍ന്ന് തലത്തൂതക്കാവ് എല്‍.പി.സ്കൂളിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ അനുമതി തേടി സ്കൂള്‍ അധികൃതര്‍. എന്നാല്‍ അനുമതി നല്കാന് സാധിക്കില്ലെന്ന് വനംവകുപ്പ് അധികൃതരും അറിയിച്ചു. കൃത്യമായ അതിര്‍ത്തി നിര്‍ണയ രേഖകള്‍ ഹാജരാക്കാത്തതാണ് അനുമതി കൊടുക്കാന്‍ തടസമെന്നാണ് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്ന കാരണം.
മണലി വാര്‍ഡിലാണ് തലത്തൂതക്കാവ് എല്‍.പി.സ്കൂള്‍. വര്‍ഷങ്ങളായി കാട്ടുമൃഗഭീതിയിലാണ് ഇവിടത്തെ പഠനം. കാട്ടാനയും കാട്ടുപോത്തും ഉള്‍പ്പെടെ സ്കൂള്‍ വളപ്പില്‍ കടക്കുന്നത് പതിവ് കാഴ്ചയാവുകയാണ്. ആനക്കൂട്ടത്തിന്റെ ആക്രമണംമൂലം പലദിവസങ്ങളിലും പഠനം നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മതില് കെട്ടാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ആദ്യഘട്ടമായി നാലുലക്ഷം രൂപ അനുവദിച്ചതായി വാര്‍ഡംഗം മഞ്ജുഷ ജി.ആനന്ദ് അറിയിച്ചു.
കരാറുകാര്‍ പണി ഏറ്റെടുക്കുകയും മതിലുപണിക്കായി പാറ ഇറക്കുകയും ചെയ്തു. അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചപ്പോഴാണ് തടസം നേരിട്ടത്. വനസംരക്ഷണസമിതി നേരത്തേതന്നെ അനുമതി നല്‍കിയിരുന്നതായി എഫ്.ആര്.സി. ചെയര്മാന് കെ.മനോഹരന്‍കാണി പറയുന്നു. സ്കൂള്‍ വളപ്പ് കൃത്യമായി അളന്നുതിരിച്ചതിന്റെ രേഖകള്‍ ഇല്ലാതെയാണ് അപേക്ഷ നല്‍കിയതെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമൂലം എവിടെയാണ് മതില് നിര്‍മിക്കേണ്ടതെന്ന് ഇതുവരെ വ്യക്തതയില്ല. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ നിര്‍മാണ അനുമതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
Discussion about this post