തിരുവനന്തപുരം: ഒന്നര വയസുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ചതിനു പിന്നാലെ കാര്‍ വാടകയ്ക്കെടുത്ത് സുഹൃത്തുമായി കറങ്ങി നടന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. ഒപ്പം സുൃത്തിനെയും പോലീസ് പിടികൂടി.
ശ്രീകാര്യത്ത് ജോലിക്ക് നിന്ന വീട്ടില്‍ മോഷണം നടത്തിയ വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മന്‍സിലില്‍ തസ്മി (24), സുഹൃത്ത് മാങ്ങോട് പുതുശ്ശേരി ആര്യന്‍കുന്ന് അജ്മല്‍ മന്‍സിലില്‍ അല്‍ഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്.
തസ്മി വീട്ടുജോലി ചെയ്തിരുന്ന പാങ്ങപ്പാറ സംഗീതനഗര്‍ എസ്.എന്‍.ആര്.എ.-2 അശ്വതി ഹൗസില്‍ ഭുവനചന്ദ്രന് നായരുടെ വീട്ടില്‍നിന്നു വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് മോഷണം നടത്തിയത്. കുട്ടിയുടെ അരഞ്ഞാണവും മോതിരവും ഉള്‍പ്പെടെ ഒന്‍പത് ഗ്രാം സ്വര്‍ണം മോഷ്ടിച്ചശേഷം കെ.എസ്.ആര്.ടി.സി. ബസില്‍ കയറി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു.
അവിടെത്തിയശേഷം അല്‍ഫാസുമായി കാര്‍ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം സ്വര്‍ണക്കടയില്‍നിന്നു കണ്ടെത്തുകയും ചെയ്തു.
Discussion about this post