വധു ഡിവൈഎഫ്ഐ, വരന്‍ കെഎസ് യു; കൊടികളുടെ നിറവ്യത്യാസം ഇവിടെ പ്രശ്‌നമല്ല, ഐഫയും നിഹാലും വിവാഹിതരാകുന്നു

കോഴിക്കോട്: രാഷ്ട്രീയ കൊടികളുടെ നിറവ്യത്യാസം ജീവതത്തില്‍ ഒന്നാകാന്‍ പ്രശ്‌നമില്ലെന്ന് വിളിച്ചോതി ഐഫയും നിഹാലും. കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മല്‍ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാല്‍.

എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമായ ഐഫ് അബ്ദുറഹിമാനും കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിടി നിഹാലുമാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാന്‍ തയ്യാറെടുക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത വര്‍ഷമാണ് കല്യാണം.

കോഴിക്കോട് ലോ കോളേജില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ലോ കോളേജില്‍ രാഷ്ട്രീയ ബന്ധം മാത്രമേ ഇരുവരുമുണ്ടായിരുന്നുള്ളൂ. ഇരുവരും നിലവില്‍ ജില്ലാ കോടതിയില്‍ അഭിഭാഷകരുമാണ്. സജീവ എസ്എഫ്ഐ പ്രവര്‍ത്തകയാണ് ഐഫ. നിഹാലാകട്ടെ കെ എസ് യുവിന്റെ കോഴിക്കോട്ടെ മുന്നണി പോരാളിയും. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന വന്നത്. രാഷ്ട്രീയം പ്രശ്‌നമാകുമോ എന്ന ആശങ്കകള്‍ നിലനിന്നുവെങ്കിലും ഇരുവരും നിറഞ്ഞ മനസോടെ വിവാഹത്തിന് സമ്മതം മൂളി.

ഇപ്പോള്‍ ഡിവൈഎഫ്ഐ, ഓള്‍ ഇന്ത്യ ലോയേഴ്സ് അസോസിയേഷന്‍ അംഗമാണ് ഐഫ. കെ എസ് യു ജില്ലാ പ്രസിഡന്റായ നിഹാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയറ വാര്‍ഡില്‍ മത്സരിച്ചിരുന്നു. വിവാഹ ശേഷവും രാഷ്ട്രീയപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും പറയുന്നു.

Exit mobile version